Wednesday, May 2, 2007

ഇന്നലെ പെയ്ത മഴയില്‍...

കാല്‍പ്പനികതയൊന്നുമല്ല ബാംഗ്ലൂരിലെ മഴയ്ക്കു..ഒരു തരം രൗദ്രഭാവമാണു..പെട്ടെന്നു പെയ്യും,പെട്ടെന്നു തീരും..ചില സമയങ്ങളില്‍ തെരുവു വേശ്യകളെപ്പോലെ അറപ്പുതോന്നിപ്പിക്കുന്ന ഒരു ശൃംഗാരഭാവവും..
ഇന്നലത്തെ മഴ പതിവില്‍ നിന്നും വ്യത്യസ്ഥമായിരുന്നു..നന്നായിതന്നെ പെയ്തു..ഓഫീസില്‍ നിന്നും നേരത്ത ഇറങ്ങണം എന്നു വിചാരിച്ചിരുന്നെങ്കില്‍ കൂടിയും മാനേജരുടെ പതിവു സോപ്പിടല്‍ കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങി..
പ്രൊസസ്സും,ക്ലൈന്റ്‌ സാറ്റിസ്ഫാക്ഷനും,ഡെഡ്‌ലൈന്‍ മീറ്റ്‌ ചെയ്യേണ്ടുന്ന പ്രഷര്‍ ഉം,പതിവ്‌ ടീം മാനേജിംഗ്‌ സ്വയം പുകഴ്ത്തലുകളും, പിന്നെ ലഞ്ചിനു പോയ കാസ ഡിസെലോ യെക്കുറിച്ചുള്ള വിശകലനവും എല്ലാം കഴിഞ്ഞപ്പോഴെക്കും അങ്ങു നേരം വൈകി.
ഓഫീസ്‌ വിട്ടിറങ്ങിയപ്പോള്‍ ആകാശം മൂടിക്കെട്ടിയിരുന്നൂ..മഴക്കു മുന്‍പെ റൂമില്‍ എത്തണം..ആക്റ്റീവ കഴിയാവുന്നത്ര സ്പീഡില്‍ ഓടിച്ചാല്‍ ഒരു പക്ഷെ മഴക്കു മുന്‍പെ വീട്ടിലെത്താം..പക്ഷെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂര്‍ ട്രാഫിക്കില്‍ അത്‌ അസാധ്യം..

റോഡിനു നടുവില്‍ പാര്‍ക്ക്‌ ചെയ്ത്‌ ആളെ കയറ്റുന്ന ബി.എം.ടി.സി ബസ്സുകള്‍..മഴപെയ്താല്‍ കൊള്ളക്കാരാവുന്ന ഓട്ടോ ഡ്രൈവര്‍മ്മാര്‍..ഇടയിലൂടെ കുത്തിതിരക്കി ഇടം കണ്ടെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ നഗരം ട്രാഫിക്‌ കുരുക്കകളില്‍ പെടാന്‍ നിമിഷ നേരം മതി. ഒരു ഇഞ്ച്‌ നീങ്ങാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ എടുത്തേക്കാം.

എങ്ങിനേയോ ക്രൈസ്റ്റ്‌ കോളെജ്‌ വരെ എത്തി..യുവത്വത്തിന്റെ പറുദീസയായ ഫോറം മാള്‍ പതിവുപോലെ ഇണക്കുരുവികളെക്കൊണ്ടും,ജീന്‍സ്‌ യുവാക്കളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു..അമേരിക്കന്‍ കമ്പനികളില്‍ നിന്നും കിട്ടുന്ന ശമ്പളം കൊണ്ടു പോയി കെ.എഫ്‌.സി യില്‍ കൊടുക്കുന്ന പുത്തന്‍ യൗവനം..വരുന്നിടത്തേക്കു തന്നെ തിരിച്ച്‌ പോവുന്ന പണത്തിന്റെ വര്‍ത്തുളാകൃതിയിലുള്ള സംക്രമണം..മറ്റൊരവസരത്തിലായിരുന്നെങ്കില്‍ അതെ കുറിച്ച്‌ കൂടുതല്‍ ചിന്തിക്കാമായിരുന്നൂ..മഴ കനത്തു തുടങ്ങി..

ഉന്തി തള്ളി സെന്റ്‌ ജോഹ്ണ്‍സ്‌ എത്തി..വാഹനങ്ങളുടെ നീണ്ട നിര പിന്നെയും..മഴ നന്നായി പെയ്തു തുടങ്ങി..ഒന്നു കയറി നില്‍ക്കാന്‍ ഒരിടം പോലുമില്ല..മരച്ചുവട്ടില്‍ നിറയെ ആളുകള്‍..ഇന്നാണു ശ്രദ്ധിച്ചത്‌ ക്രൈസ്റ്റ്‌ കോളേജ്‌ കഴിഞ്ഞാല്‍ പിന്നെ കോറമന്‍ഗല എത്തുന്നതു വരേയും ബസ്‌ സ്റ്റോപ്പുകള്‍ ഇല്ല..നീലയും വെള്ളയും നിറത്തില്‍ ബി.എം.ടി.സി. ബസ്സുകള്‍ കുത്തിനിറച്ച യാത്രക്കരുമായി പോകുന്നു..ബസ്സിലാകെ ഒരു പക്ഷെ മനം മടുപ്പിക്കൂന്ന രൂക്ഷ ഗന്ധമായിരിക്കണം, ചിലര്‍ ഗ്ലാസ്‌ ജനാലകള്‍ നീക്കിയിടാന്‍ ശ്രമിക്കുന്നതു കാണാം.നാട്ടിലായിരുന്നെങ്കില്‍, ചുവന്ന നിറത്തിലുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ ഇരു വശവും പറന്നു കളിക്കുന്ന കീറിയ ചാരനിരത്തിലുള്ള ചിറകുകള്‍ വിരിച്ച്‌ വരുന്നതു കാണാമായിരുന്നു..

കനംവെച്ചു പെയ്യുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ കുറച്ച്‌ ദൂരം കഴിഞ്ഞപ്പോള്‍..ആളൊഴിഞ്ഞ ഒരു മരച്ചുവട്ടില്‍ അഭയം തേടന്‍ ഞാന്‍ ഉറച്ചു..തനിയെ നിന്നപ്പോള്‍ പേടി തോന്നി..സന്ധ്യ കഴിഞ്ഞിരിക്കുന്നു..

ദൂരെ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നതു കാണാം..രാവിലെ മുടിയില്‍ ചൂടിയതാവണം പിച്ചകപ്പൂവുകള്‍ വാടിത്തുടങ്ങിയിരിക്കുന്നൂ..ഏതൊ ടെക്സ്റ്റെയില്‍സ്‌ ലെ സെയില്‍സ്‌ ഗേള്‍ ആയിരിക്കും അവള്‍..ആഷ്‌-അഭി വിവാഹമോ, വിവാഹപൂര്‍വ്വേതര ലൈംഗീക ബന്ധത്തെക്കുറിച്ചുള്ള Bangalore Times സര്‍വ്വേകളിലും വേവലാതി പെടത്തവള്‍..മഴ ഇലകള്‍ക്കിടയിലൂടെ പൊഴിഞ്ഞു വീഴുന്നു..മഴച്ചീളുകള്‍ക്കിടയിലൂടെ എന്നെ ഒന്നു നോക്കി അവള്‍ കടന്നു പോയി..

ഞങ്ങള്‍ ഇരുവര്‍ക്കും പിന്നിലായി ഒരു ഓട്ടൊ റിക്ഷ വരുന്നുണ്ടു..അത്‌ പതുക്കെ അവളുടെ സമീപത്തായി നിര്‍ത്തി..അവളെ ആ വാഹനത്തിലേക്കു ഡ്രൈവര്‍ ക്ഷണിച്ചു..മിന്നലുകളെയും, കീറിമുറിച്ചു പെയ്യുന്ന മഴയേയും, ഇരുട്ടിനേയും പേടിച്ചാവണം ആദ്യം അതില്‍ കയറാം എന്നു കരുതിയ ആ കുട്ടി പിന്നെ വേണ്ട എന്നു പറഞ്ഞുകോണ്ട്‌ മുന്‍പൊട്ടു നടന്നു നീങ്ങി..ഡ്രൈവര്‍ക്ക്‌ അടുത്തിരുന്ന ഒരാള്‍ പെട്ടെന്നു പുറത്തിറങ്ങി എന്തോ പറഞ്ഞു..

ഡ്രൈവര്‍ക്കു സമീപം അവള്‍ക്കിരിക്കാന്‍ ഇടം കൊടുത്ത്‌ അയാള്‍ ഒരു ഗൂഢസ്മിതത്തോടെ പിന്നിലെക്കു കയറി ഇരുന്നു..മടിച്ചു മടിച്ചാണെങ്കിലും ആ പെണ്‍കുട്ടി ആ വാഹനത്തില്‍ കയറുന്നത്‌ ഞാന്‍ കണ്ടു..വാഹനം നീങ്ങി തുടങ്ങി..പിന്നില്‍ നിന്നും മുന്നില്‍ നിന്നും നിരവധി കരങ്ങള്‍ അവളുടെ ശരീരത്തിനു നേരേ നീളുന്നതു മഴത്തുള്ളികള്‍ക്കിടയിലൂടെ എനിക്കു കാണാം..
ഒരു വിജയശാന്തി ആയിരുന്നെങ്കില്‍, സൂപ്പര്‍ വുമണ്‍ ആയി വേഷം പകര്‍ച്ച കിട്ടിയിരുന്നെങ്കില്‍ ഒരു വട്ടം ഞാന്‍ കൊതിച്ചു..

ദൂരെ ആ പെണ്‍കുട്ടി, അതി വേഗത്തില്‍ കുതിച്ചു പായുന്ന ആ വാഹനത്തില്‍ നിന്നും പുറതേക്കു ചാടുന്നതും, മഴയില്‍ ഉറവപൊട്ടിയ വെള്ളപ്പാച്ചിലില്‍ അവളുടെ മുടിയിഴകളില്‍ ചൂടിയ പിച്ചിപ്പൂമാല ഒഴുകി അകലുന്നതും ഞാന്‍ കണ്ടു..

8 comments:

അമ്മു said...

“ കാല്‍പ്പനികതയൊന്നുമല്ല ബാംഗ്ലൂരിലെ മഴയ്ക്കു..ഒരു തരം രൗദ്രഭാവമാണു..പെട്ടെന്നു പെയ്യും,പെട്ടെന്നു തീരും..ചില സമയങ്ങളില്‍ തെരുവു വേശ്യകളെപ്പോലെ അറപ്പുതോന്നിപ്പിക്കുന്ന ഒരു ശൃംഗാരഭാവവും.. “

ഇന്നലെ പെയ്ത മഴയില്‍ നിന്നും...

സൂര്യോദയം said...

ശരിയ്ക്കും നടന്നതോ ഇത്‌?

'വേട്ടയാടാന്‍ കാത്തിരിയ്ക്കുന്നവര്‍ക്കിടയിലേക്ക്‌ ചിന്തയില്ലാതെ കയറിച്ചെല്ലാതിരിക്കുക'

കെവിൻ & സിജി said...

ഇഞ്ചിപ്പെണ്ണിന്റെ വേലി വായിച്ചതിനു ശേഷം ഇതുവായിച്ചപ്പോള്‍, നോട്ടങ്ങളെ വേലികെട്ടിയകറ്റാന്‍ പാടുപെടുന്ന പെണ്ണും ശരീരം കടിച്ചുകീറപ്പെടാതിരിക്കാന്‍ പാടുപെടുന്ന പെണ്ണും രണ്ടാണെന്നു തിരിച്ചറിയുന്നു. ഒന്നു വെറും സാങ്കല്പികമായ പ്രതിരോധമാണെങ്കില്‍, മറ്റൊന്നു് ജീവന്‍ കളഞ്ഞും മാനം രക്ഷിയ്ക്കുകയെന്ന തീവ്രവികാരമാണു്.

Areekkodan | അരീക്കോടന്‍ said...

Real or imaginary ?

അമ്മു said...

സൂര്യോദയം : അതെ ശരിക്കും നടന്നത്..
കെവിന്‍&സിജി : ശരിയാണു..
അരീക്കോടന്‍ : :)

ധൂമകേതു said...

അമ്മൂസേ നിരീക്ഷണവും എഴുത്തിന്‍റെ ശൈലിയിമെല്ലാം വളരെ മനോഹരം. ഇനിയും എഴുതുക. നമ്മുടെ ബാംഗ്ളൂറ്‍ അനുഭവങ്ങളുടെയും കഥകളുടെയും വലിയ ഉറവിടം തന്നെയാണല്ലോ... ഇനിയും നല്ല നല്ല പോസ്റ്റുകളുമായി വരട്ടെയെന്ന് ആശംസിക്കുന്നു.

അമ്മു said...

നന്ദി ധൂമകേതു
എഴുതാന്‍ ശ്രമിക്കാം..

d said...

നന്നായിരിക്കുന്നു. എന്നാലും സത്യമാണെന്നറിയുമ്പോള്‍ ഒരു വല്ലായ്ക..